Friday, March 27, 2009

ചുവര്‍ ചിത്രങ്ങള്‍ -ഫോട്ടോ (4) സിംഹാരൂഢദുര്‍ഗ്ഗസിംഹാരൂഢദുര്‍ഗ്ഗ

മഹിഷവധത്തിനായി പുറപ്പെടുന്ന ദുര്‍ഗ്ഗ.കോട്ടക്കല്‍ വെങ്കിട്ടത്തേവര്‍ ശിവക്ഷേത്രത്തിലെ ചുവര്‍ ചിത്രം.

പുരാണത്തില്‍ വൈഷ്ണവ ശക്തിയാണ് മഹിഷനെ വധിക്കുന്ന ദുര്‍ഗ്ഗ.കൈയില്‍ വൈഷ്ണവ ചിഹ്നങ്ങളായ ശംഖും ചക്രവും ശ്രദ്ധിക്കുക. ശൈവര്‍ക്കു പക്ഷേ ദുര്‍ഗ്ഗ പാര്‍വ്വതിയുടെ അവതാരമാണ് .നവരാത്രി ആഘോഷങ്ങളില്‍ ദുര്‍ഗ്ഗയേയും സരസ്വതിയേയും ഒരാളായാണു കേരളത്തില്‍ ആരാധിക്കുന്നത്.കേരളീയര്‍ക്ക് പെണ്‍ദൈവങ്ങളെല്ലാം മിക്കവാറും ഒരേ ആള്‍ തന്നെയോ അതല്ലെങ്കില്‍ സഹോദരിമാരോ ആണ്.

Tuesday, March 24, 2009

ചുവര്‍ ചിത്രങ്ങള്‍ -ഫോട്ടോ (3) അഘോരമൂര്‍ത്തി


അഘോരമൂര്‍ത്തി

കോട്ടക്കല്‍ വെങ്കിട്ടത്തേവര്‍ ശിവക്ഷേത്രത്തിലെ ചുവര്‍ ചിത്രം.

കേരളീയര്‍ക്കു പൊതുവേ അത്ര പരിചിതമല്ലാത്ത ഒരു മൂര്‍ത്തിയാണ് അഘോരശിവന്‍.ആഭിചാരങ്ങള്‍ക്കും,ശത്രുസംഹാരത്തിനുമാണ് അഘോരമൂര്‍ത്തിയെ ഉപാസിക്കുക പതിവ്.ശൈവ സിദ്ധാന്തമനുസരിച്ചു താമസപാത്രങ്ങള്‍ക്കുള്ള പച്ച നിറമാണ്‌ അഘോരമൂര്‍ത്തിക്ക്.(വൈഷ്ണവ സിദ്ധാന്തമനുസരിച്ചു പച്ച സാത്വിക നിറമാണ്‌.)

Saturday, March 21, 2009

ചുവര്‍ ചിത്രങ്ങള്‍ -ഫോട്ടോ (2) രാധാകൃഷ്ണന്‍


രാധാകൃഷ്ണന്‍

കോട്ടക്കല്‍ വെങ്കിട്ടത്തേവര്‍ ശിവക്ഷേത്രത്തിലെ ചുവര്‍ ചിത്രം.

കോട്ടക്കല്‍ ചിത്രങ്ങളുടെ പ്രാധാന്യം അവ വരച്ചത് ആരാണെന്നും എപ്പോളാണെന്നും അറിയാമെന്നതാണ്. പോസ്റ്റു നോക്കുക.(മിക്കവാറും ചുവര്‍ ചിത്രങ്ങളുടെയും രചയിതാക്കളുടെ പേരോ മറ്റു വിവരങ്ങളോ ലഭ്യമല്ല.)

മറ്റൊരു പ്രത്യേകത,ഈ ചിത്രങ്ങള്‍ ക്ലാസ്സിക് ചുമര്‍ ചിത്രങ്ങളേക്കാള്‍ റിയലിസ്റ്റിക്കാണെന്നതാണ് .
ഓര്‍ക്കുക,രവി വര്‍മ കേരളീയ ചിത്രകലാരീതി അകെ മാറ്റി മറിച്ചതും ഈ കാലഘട്ടത്തില്‍ തന്നെയാണ്. റിയലിസം ഒരുപക്ഷേ രവി വര്‍മ്മയെക്കണ്ട് പഠിച്ചതാകാം.അല്ലെങ്കില്‍ യൂറോപ്യന്‍ രീതി സ്വന്തം നിലയില്‍ അനുകരിക്കാന്‍ ശ്രമിച്ചതാകാം. എന്തായാലും ശങ്കരന്‍ നായര്‍ക്ക് ചിത്രകലയിലെ foreshortening നെ പറ്റി ഏകദേശധാരണയുണ്ടായിരുന്നു.ആ അര്‍ത്ഥത്തില്‍ കോട്ടക്കല്‍ ചിത്രങ്ങള്‍ ക്ലാസ്സിക് ചുമര്‍ ചിത്ര ശൈലിയിലുള്ളതല്ല.


ചിത്രകാരനായ ശങ്കരന്‍നായരും ശിഷ്യരും കോഴിക്കോട്, മലപ്പുറം,പാലക്കാട് ജില്ലകളിലെ ധാരാളം ക്ഷേത്രങ്ങളില്‍ ചിത്രം വരച്ചിട്ടുണ്ട്.അക്കാലത്തെ സാമാന്യം പ്രസിദ്ധനും തിരക്കുള്ളവനുമായ ഒരു ചിത്രകാരനായിരുന്നിരിക്കണം ശങ്കരന്‍നായര്‍. ഒരുപക്ഷേ ഒരു 'പാവങ്ങളുടെ രവി വര്‍മ്മ';-) ഈ ശങ്കരന്‍നായരെപ്പറ്റിയോ അദ്ദേഹത്തിന്റെ കുടുംബത്തെപ്പറ്റിയോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല എന്നു ഡോ: എം. ജി. ശശിഭൂഷണ്‍ സൂചിപ്പിക്കുന്നു.കഥകളിയും ചിത്രകാരനായ എളങ്ങമറത്തില്‍ ശങ്കരന്‍നായരെ സ്വാധീനിച്ചിട്ടുണ്ട്.കഥകളിയില്‍ ഉപയോഗിക്കുന്ന കൃഷ്ണമുടിയോടു സാമ്യമുള്ള കിരീടമാണ് ഈ ചിത്രത്തില്‍ കൃഷ്ണന്‍ ധരിച്ചിരിക്കുന്നത്.(കൂടുതല്‍ പഴയ ചുവര്‍ ചിത്രങ്ങളില്‍ കൃഷ്ണന് പുഷ്പാലംകൃതമായ ഒരുതരം കിരീടമാണ് പതിവ്.).

ഈ ചിത്രം ഞാന്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് വരച്ചത് താഴെ.ഞാന്‍ ചിത്രരചനയൊന്നും പഠിച്ചിട്ടില്ല,വരയ്ക്കാന്‍ അറിയുകയുമില്ല.എങ്കിലും ഒരു രസത്തിന് ചെയ്തതാണ് .കണക്കുകൂട്ടിനോക്കുമ്പോള്‍ ഏകദേശം 200 മണിക്കൂര്‍ ഈ ചിത്രം വരയ്ക്കാന്‍ ചിലവാക്കീട്ടുണ്ട്.ഏകദേശം 400 നു മീതെ ഫോട്ടോഷോപ്പ് ലെയറുകളും.

ഈ ചിത്രം ഞാന്‍ 5 അടി വലുപ്പത്തില്‍ പ്രിന്റു ചെയ്തു വീട്ടില്‍ വച്ചിട്ടുണ്ട്.ചുവര്‍ ചിത്രങ്ങള്‍ അതിന്റെ യഥാര്‍ത്ഥ വലുപ്പത്തില്‍ കൂടുതല്‍ മനോഹരമായി തോന്നാറുണ്ട്.ചിത്രത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാകുമ്പോളാണ് ചിത്രത്തിനു ഭംഗി കൂടുന്നതെന്ന് തോന്നുന്നു.Saturday, March 14, 2009

ചുവര്‍ ചിത്രങ്ങള്‍ -ഫോട്ടോ (1) ഗണപതി

ചുവര്‍ ചിത്രങ്ങളെക്കുറിച്ച് ഒരു പുതിയ സീരീസ് അരംഭിക്കുകയാണ്.


ഗണപതി


കോട്ടക്കല്‍ വെങ്കിട്ടത്തേവര്‍ ശിവക്ഷേത്രത്തിലെ ചുവര്‍ ചിത്രം.ഏകദേശം 42 ഓളം ചിത്രങ്ങളുണ്ട് ഇവിടെ.ഈ ചിത്രങ്ങള്‍ കൊല്ലവര്‍ഷം 1041 മുതല്‍ 1053 (1866-1878)വരെയുള്ള കാലഘട്ടത്തില്‍ പൂന്തനത്ത് കൃഷ്ണപ്പിഷാരൊടിയുടെ ശിഷ്യന്‍ എളങ്ങമറത്തില്‍ ശങ്കരന്‍നായരും അദ്ദേഹത്തിന്റെ ശിഷ്യന്‍ ആരങ്ങാട്ടെ ഭരതപ്പിഷാരൊടിയും ചേര്‍ന്ന് വരച്ചതാണെന്നു കാണാം.ഒരു മകീര്യം തിരുനാള്‍ ഏറാള്‍പ്പാടിന്റെ നിര്‍ദ്ദേശാനുസരണമായിരുന്നു ചിത്രരചന.ഈ ലിഖിതത്തിലെ മലയാളഭാഷയില്‍ ശ്രദ്ധിച്ച ഒരു കാര്യം,ദീര്‍ഘാക്ഷരങ്ങള്‍ (ഉദാ: കിഴക്കെ കൊവിലകം,ശ്രീകൊവില്‍)അക്ഷരങ്ങളുടെ മുകളില്‍കാണുന്ന (സാങ്കേതികനാമം അറിഞ്ഞുകൂടാ) ചന്ദ്രകല (ഉദാ: ,രണ്ട് എന്നതിനുപകരം രണ്ട)എന്നിവ ഇല്ലെന്നാണ്.150 വര്‍ഷം മുന്‍പുള്ള മലയാളം ഇപ്രകാരമായിരുന്നോ? അപ്പോപിന്നെ ചില കവികളും ഭാഷ പണ്ഡിതന്മാരും കടുംപിടുത്തം പിടിക്കുന്ന ഈ ശുദ്ധ മലയാളം ഏതാണ്?

കുഞ്ഞുകുട്ടന്‍ തമ്പുരാന്‍ ഈ ക്ഷേത്രത്തിനടുത്തുള്ള കിഴക്കേ കോവിലകത്തു താമസിച്ചാണത്രേ മഹാഭാരതം തര്‍ജ്ജിമ ചെയ്തത്.അദേഹം തീര്‍ച്ചയായും ഈ വിഘ്നേശ്വരചിത്രത്തിനു മുന്‍പിലും പ്രാര്‍ത്ഥിച്ചിട്ടുണ്ടാകാം.(ഗണപതിയാണല്ലോ വ്യാസനെ മഹാഭാരതം എഴുതാന്‍ സഹായിച്ചത്.)

ഗണപതി ചിത്രങ്ങളില്‍ തുമ്പികൈ ഇടത്തോട്ടു തിരിഞ്ഞിരിക്കുന്നത് മോക്ഷവും, വലത്തോട്ടു തിരിഞ്ഞിരിക്കുന്നത് ഐശ്വര്യവും നല്‍കുമെന്നു പറയുന്നു.(കേരളത്തില്‍ കൂടുതലും വലത്തോട്ടാണു തുമ്പികൈ കാണാറുള്ളത്.)

ഒരു ചോദ്യം..പുരാണത്തില്‍ ഗണപതിയുടെ ഏതു കൊമ്പാണ് ഒടിഞ്ഞതായി പറയപ്പെടുന്നത് ,ഇടതോ വലതോ?