Saturday, March 21, 2009

ചുവര്‍ ചിത്രങ്ങള്‍ -ഫോട്ടോ (2) രാധാകൃഷ്ണന്‍


രാധാകൃഷ്ണന്‍

കോട്ടക്കല്‍ വെങ്കിട്ടത്തേവര്‍ ശിവക്ഷേത്രത്തിലെ ചുവര്‍ ചിത്രം.

കോട്ടക്കല്‍ ചിത്രങ്ങളുടെ പ്രാധാന്യം അവ വരച്ചത് ആരാണെന്നും എപ്പോളാണെന്നും അറിയാമെന്നതാണ്. പോസ്റ്റു നോക്കുക.(മിക്കവാറും ചുവര്‍ ചിത്രങ്ങളുടെയും രചയിതാക്കളുടെ പേരോ മറ്റു വിവരങ്ങളോ ലഭ്യമല്ല.)

മറ്റൊരു പ്രത്യേകത,ഈ ചിത്രങ്ങള്‍ ക്ലാസ്സിക് ചുമര്‍ ചിത്രങ്ങളേക്കാള്‍ റിയലിസ്റ്റിക്കാണെന്നതാണ് .
ഓര്‍ക്കുക,രവി വര്‍മ കേരളീയ ചിത്രകലാരീതി അകെ മാറ്റി മറിച്ചതും ഈ കാലഘട്ടത്തില്‍ തന്നെയാണ്. റിയലിസം ഒരുപക്ഷേ രവി വര്‍മ്മയെക്കണ്ട് പഠിച്ചതാകാം.അല്ലെങ്കില്‍ യൂറോപ്യന്‍ രീതി സ്വന്തം നിലയില്‍ അനുകരിക്കാന്‍ ശ്രമിച്ചതാകാം. എന്തായാലും ശങ്കരന്‍ നായര്‍ക്ക് ചിത്രകലയിലെ foreshortening നെ പറ്റി ഏകദേശധാരണയുണ്ടായിരുന്നു.ആ അര്‍ത്ഥത്തില്‍ കോട്ടക്കല്‍ ചിത്രങ്ങള്‍ ക്ലാസ്സിക് ചുമര്‍ ചിത്ര ശൈലിയിലുള്ളതല്ല.


ചിത്രകാരനായ ശങ്കരന്‍നായരും ശിഷ്യരും കോഴിക്കോട്, മലപ്പുറം,പാലക്കാട് ജില്ലകളിലെ ധാരാളം ക്ഷേത്രങ്ങളില്‍ ചിത്രം വരച്ചിട്ടുണ്ട്.അക്കാലത്തെ സാമാന്യം പ്രസിദ്ധനും തിരക്കുള്ളവനുമായ ഒരു ചിത്രകാരനായിരുന്നിരിക്കണം ശങ്കരന്‍നായര്‍. ഒരുപക്ഷേ ഒരു 'പാവങ്ങളുടെ രവി വര്‍മ്മ';-) ഈ ശങ്കരന്‍നായരെപ്പറ്റിയോ അദ്ദേഹത്തിന്റെ കുടുംബത്തെപ്പറ്റിയോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല എന്നു ഡോ: എം. ജി. ശശിഭൂഷണ്‍ സൂചിപ്പിക്കുന്നു.കഥകളിയും ചിത്രകാരനായ എളങ്ങമറത്തില്‍ ശങ്കരന്‍നായരെ സ്വാധീനിച്ചിട്ടുണ്ട്.കഥകളിയില്‍ ഉപയോഗിക്കുന്ന കൃഷ്ണമുടിയോടു സാമ്യമുള്ള കിരീടമാണ് ഈ ചിത്രത്തില്‍ കൃഷ്ണന്‍ ധരിച്ചിരിക്കുന്നത്.(കൂടുതല്‍ പഴയ ചുവര്‍ ചിത്രങ്ങളില്‍ കൃഷ്ണന് പുഷ്പാലംകൃതമായ ഒരുതരം കിരീടമാണ് പതിവ്.).

ഈ ചിത്രം ഞാന്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് വരച്ചത് താഴെ.ഞാന്‍ ചിത്രരചനയൊന്നും പഠിച്ചിട്ടില്ല,വരയ്ക്കാന്‍ അറിയുകയുമില്ല.എങ്കിലും ഒരു രസത്തിന് ചെയ്തതാണ് .കണക്കുകൂട്ടിനോക്കുമ്പോള്‍ ഏകദേശം 200 മണിക്കൂര്‍ ഈ ചിത്രം വരയ്ക്കാന്‍ ചിലവാക്കീട്ടുണ്ട്.ഏകദേശം 400 നു മീതെ ഫോട്ടോഷോപ്പ് ലെയറുകളും.

ഈ ചിത്രം ഞാന്‍ 5 അടി വലുപ്പത്തില്‍ പ്രിന്റു ചെയ്തു വീട്ടില്‍ വച്ചിട്ടുണ്ട്.ചുവര്‍ ചിത്രങ്ങള്‍ അതിന്റെ യഥാര്‍ത്ഥ വലുപ്പത്തില്‍ കൂടുതല്‍ മനോഹരമായി തോന്നാറുണ്ട്.ചിത്രത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാകുമ്പോളാണ് ചിത്രത്തിനു ഭംഗി കൂടുന്നതെന്ന് തോന്നുന്നു.







No comments: